Kerala
വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റി; തൃശ്ശൂരിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് വയോധിക മരിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനിയാണ്(74) മരിച്ചത്. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. പൂവത്തൂരിലേക്കുള്ള ജോണീസ് ബസിൽ നിന്നാണ് നളിനി പുറത്തേക്ക് തെറിച്ച് വീണത്.
അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പാണ് നളിനി ബസിൽ കയറിയത്. നളിനി കയറിയ ഉടൻ കണ്ടക്ടർ വാതിൽ അടച്ചു. ആദ്യം ഡ്രൈവറുടെ പിന്നിലെ കമ്പിയിൽ പിടിച്ചുനിന്ന വയോധിക പുറകിൽ സീറ്റുണ്ടെന്ന് പറഞ്ഞപ്പോൾ പിന്നിലേക്ക് നീങ്ങി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ ബാലൻസ് തെറ്റിയ നളിനി വാതിലിന് പുറത്ത് തെറിച്ചുവീണു.
വീഴ്ചയുടെ ആഘാതത്തിൽ വാതിൽ തുറക്കുകയും നളിനി റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. നളിനിയെ ഉടൻ തന്നെ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.