എല്ലാ അവസാനങ്ങൾക്കും ഒരു തുടക്കമുണ്ടാകും: ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അശ്വിൻ

ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ താരം രവിചന്ദ്ര അശ്വിൻ. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ് അശ്വിൻ. ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. അശ്വിനെ കൈമാറ്റം ചെയ്യാൻ ചെന്നൈ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ
ഇന്ന് വിശേഷദിവസമാണ്. അതുകൊണ്ട് തന്നെ വിശേഷമായ ഒരു തുടക്കവും. എല്ലാ അവസാനങ്ങൾക്കും ഒരു തുടക്കമുണ്ടാകും. ഐപിഎല്ലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു. പക്ഷേ വിവിധ ലീഗുകളിൽ കളിക്കാനുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുകയാണ് എന്ന് അശ്വിൻ എക്സിൽ കുറിച്ചു
കഴിഞ്ഞ ഡിസംബറിൽ അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. 2025 സീസണിൽ 9.75 കോടിക്കാണ് അശ്വിനെ ചെന്നൈ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 187 വിക്കറ്റുകൾ ഇതുവരെ നേടിയിട്ടുണ്ട്. ചെന്നൈക്ക് പുറമെ രാജസ്ഥാൻ റോയൽസ്, റൈസിംഗ് പൂനെ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിലും താരം കളിച്ചിട്ടുണ്ട്