ഞങ്ങള്‍ക്ക് ഇ വി എമ്മുകള്‍ വേണ്ട; ബാലറ്റ് പേപ്പര്‍ മതി; രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഖാര്‍ഗെ
ഭാരത് യാത്ര സംഘടിപ്പിക്കുമെന്ന് ആഹ്വാനം
മഹാരാഷ്ട്രയിലെ ബി ജെ പിയുടെ അസാധാരണ വിജയത്തിന് പിന്നാലെ ഇ വി എമ്മുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവിഎം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും ഇതിനായി ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ പാര്‍ട്ടിയുടെ ഭരണഘടനാ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 288-ല്‍ 230 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം തൂത്തുവാരിയതിന് പിന്നാലെ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ”സെലക്ടീവ് ഇവിഎം” ഹാക്കിംഗ് നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര നിരീക്ഷകനും കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ ജി പരമേശ്വരവും രംഗത്തെത്തി. ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഞങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്തു. പലയിടത്തും ഇവിഎമ്മുകളില്‍ കൃത്രിമം നടന്നതായി ഞങ്ങള്‍ക്ക് തോന്നി,’ പരമേശ്വര പറഞ്ഞു.
ജാര്‍ഖണ്ഡിലും മറ്റിടങ്ങളിലും എന്തുകൊണ്ട് ഇത് സംഭവിച്ചില്ല എന്നതാണ് വ്യക്തമായ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം സെലക്ടീവായാണ് കൃത്രിമം നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.”ഇത് (ഇവിഎം പ്രശ്‌നം) ആരും ശ്രദ്ധിക്കുന്നില്ല, ഞങ്ങളും സുപ്രീം കോടതിയില്‍ പോയി, അത് തെളിയിക്കാന്‍ അവര്‍ പറഞ്ഞു. ഞങ്ങളുടെ വോട്ട് എക്സിനാണ് നല്‍കുന്നതെന്നും എന്നാല്‍ അത് വൈയുടെ പേരില്‍ അടയാളപ്പെടുത്തുകയാണെന്നും അതിനാല്‍ ആരും പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും ജനവികാരം പറയുന്നു. അതിനാല്‍ ഒരു ബഹുജന പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് തോന്നുന്നുവെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ വ്യക്തമാക്കി.
അതേസമയം, ഇ വി എമ്മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. നിങ്ങള്‍ ജയിക്കുമ്പോള്‍ മാത്രമാണോ ഇ വി എം ശരിയെന്ന് സുപ്രീം കോടതി ഹരജിക്കാരോട് ചോദിക്കുകയും ചെയ്തിരുന്നു.