National

സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ; ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോർട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വനം വകുപ്പിലും ആരോഗ്യവകുപ്പിലും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വെച്ചു. ഉത്തരാഖണ്ഡ് നിയമസഭയുടെ ബജറ്റ് സെഷനിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. 2017നും 2021നും ഇടയിൽ സർക്കാരിൻ്റെ അനുമതിയില്ലാതെ തൊഴിലാളി ക്ഷേമനിധി ബോർഡ് 607 കോടി രൂപയാണ് ചെലവഴിച്ചത്. വനഭൂമി നിയമം പോലും ലംഘിച്ചുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗുരുതര കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. ചുരുങ്ങിയത് മൂന്ന് സർക്കാർ ആശുപത്രികളിലെങ്കിലും കാലാവധി കഴിഞ്ഞ 34 ഇനം മരുന്നുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. അതിൽ ചിലത് രണ്ട് വർഷത്തിലേറെ പഴക്കമുള്ളവയാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഉത്തരാഖണ്ഡിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കുറവ് നികത്താൻ പുതിയ നിയമങ്ങൾ വേണ്ടതിൻ്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ മലയോര മേഖലകളിൽ 70 ശതമാനത്തോളവും മറ്റുമേഖലകളിൽ 50 ശതമാനത്തോളവും സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാരുടെ പോസ്റ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്

വനസംരക്ഷണത്തിനായി അനുവദിച്ച പണം ഉൾപ്പെടെ ഉപയോ​ഗിച്ച് ഉത്തരാഖണ്ഡിൽ ഐഫോണും ഓഫീസ് സാമ​ഗ്രികളും വാങ്ങിയാതായും സിഎജി റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷം വനം, ആരോ​ഗ്യം വകുപ്പുകളും തൊഴിലാളി ക്ഷേമനിധി ബോർഡും ആസൂത്രണവും അനുമതിയുമില്ലാതെ പൊതുപണം ഉപയോ​ഗിച്ചുവെന്നാണ് സിഎജി റിപ്പോർട്ടിൽ കണ്ടെത്തൽ.

വനഭൂമി തരംമാറ്റത്തിൻ്റെ ആഘാതം ലഘൂകരിക്കാൻ പ്രവർത്തിക്കുന്ന സിഎഎംപിഎയുടെ ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റ് പ്രവർത്തനങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫണ്ടുകൾ ലാപ്ടോപ്പുകൾ, ഫ്രിഡ്ജ്, കൂളറുകൾ എന്നിവ വാങ്ങാനും കെട്ടിടങ്ങളുടെ അറ്റകുറ്റപണി, കോടതിയിലെ കേസുകൾക്ക് പണം നൽകാനും വേണ്ടി ഉപയോ​ഗപ്പെടുത്തിയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

വനഭൂമിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പണം കൈകാര്യം ചെയ്യുന്ന സംവിധാനമാണ് സിഎഎംപിഎ. ഈ ഫണ്ട് വനേതര ആവശ്യങ്ങൾക്ക് വേണ്ടി വിനിയോ​ഗിക്കാൻ സാധിക്കില്ല. ഫണ്ട് ലഭിച്ചതിന് ശേഷം രണ്ടുവർഷത്തിനകം വനവത്കരണം നടത്തണമെന്നാണ് ഇവരുടെ ​ഗൈഡ്ലൈൻസ് പറയുന്നത്. എന്നാൽ 37 കേസുകളിൽ നഷ്ടപരിഹാരമായുള്ള വനവത്കരണത്തിന് ഏതാണ്ട് എട്ടുകൊല്ലത്തോളം എടുത്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതിന് പുറമെ വനഭൂമി കൈമാറുന്നതിനുള്ള നിയമങ്ങളും അ​വ​ഗണിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. റോഡ്, വൈദ്യുതി ലൈനുകൾ, ജലവിതരണ ലൈനുകൾ, റെയിൽവേ, ഓഫ് റോഡ് ലൈനുകൾ തുടങ്ങിയ വനരഹിത ജോലികൾക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (ഡിഎഫ്ഒ) അനുമതി അതിന് ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2014നും 2024നും ഇടയിൽ ഇത്തരത്തിൽ ഡിഎഫ്ഒയുടെ അനുമതിയില്ലാതെ 52 കേസുകളിൽ ജോലി ആരംഭിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നുണ്ട്.

വെച്ചുപിടിപ്പിച്ച മരങ്ങളുടെ അതിജീവന നിരക്കിൽ കുറവ് വന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2017-22 കാലയളവിൽ ഇത് 33 ശതമാനമായിരുന്നു. ഫോറസ്റ്റ് റിസേർച്ച് ഇൻസിസ്റ്റ്യൂട്ട് നിർബന്ധമായി കണക്കാക്കുന്ന 60-65 ശതമാനം നിരത്തിനെക്കാൾ കുറവാണ് ഇതെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പൊതുപണം പാഴാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് കണ്ടെത്തലുകൾക്ക് എതിരെ രം​​ഗത്ത് വന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് വനം മന്ത്രി സുബോധ് ഉനിയാൽ തൻ്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!