വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: നോട്ടീസ് ലഭിച്ചില്ലെന്ന് രാഹുൽ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ ഓഫീസിലെത്താൻ ആയിരുന്നു അന്വേഷണ സംഘം നിർദേശിച്ചിരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു
നോട്ടീസ് ലഭിക്കാത്തതിനാൽ ഇന്ന് ഹാജരാകില്ലെന്നാണ് എംഎൽഎ പറയുന്നത്. ഇന്ന് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസിലെ പ്രതികളുടെ ഫോണിൽ നിന്നും ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്റെ പേര് പരാമർശിച്ചതോടെയാണ് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്
കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. നാല് പേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.