National

മുംബൈയില്‍ ബോട്ട് ദുരന്തം; മരണം രണ്ടായി

നാല് പേരുടെ നില ഗുരുതരം

മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ ബോട്ട് ദുരന്തം. സ്പീഡ് ബോട്ട് ഫെറി ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. നാല് പേരുടെ നില ഗുരുതരമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ ദ്വീപിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്.

ജീവനക്കാരുള്‍പ്പെടെ 110 യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 4 പേരുടെ നില ഗുരുതരവും ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരവുമാണ്.

മുംബൈയ്ക്കടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ എലിഫന്റ് അയര്‍ലെന്‍ഡിലേക്ക് പോകും വഴിയാണ് നീലകമല്‍ എന്ന ബോട്ട് അപകടത്തില്‍ പെട്ടത്. ഇടിക്കുന്നതിന് മുമ്പ് സ്പീഡ് ബോട്ട് നീലകമലിനെ വട്ടമിട്ടതായി യാത്രക്കാര്‍ പറയുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ് എന്നിവയുടെ ഏകോപനത്തിലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഓപ്പറേഷനില്‍ 11 നേവി ബോട്ടുകളും മൂന്ന് മറൈന്‍ പോലീസ് ബോട്ടുകളും ഒരു കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും പ്രദേശത്ത് സജീവമായി തിരച്ചില്‍ നടത്തുന്നുണ്ട്. കൂടാതെ, ശേഷിക്കുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എസ്എആര്‍) പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.

പത്തോളം യാത്രക്കാര്‍ വെള്ളത്തില്‍ മുങ്ങിപോയിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഇടിച്ചത് നേവിയുടെയോ കോസ്റ്റ് ഗാര്‍ഡിന്റേയോ സ്പീഡ് ബോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!