Kerala

സാമ്പത്തിക പ്രതിസന്ധി നേരിടാൻ ക‍ർശന നിയന്ത്രണങ്ങളുമായി ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോ​ഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോ​ഗിക വാഹനങ്ങളുടെ ഉപയോ​ഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് നിയമനങ്ങൾ നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഈ തസ്തികകളിലേക്ക് കരാർ നിയമനം നടത്താമെന്നാണ് നിർദേശം.

ഓരോ സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള വാഹനങ്ങൾ, ഓഫീസ് പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോ​ഗിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാലഹരണപ്പെട്ട പദ്ധതികൾ കണ്ടെത്തി അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയുള്ള നിർദേശങ്ങളിൽ പറയുന്നു. ചെലവുകൾ ബജറ്റ് വിഹിതത്തിൽ കൂടാൻ പാടില്ല.

വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വാഹനം ഇല്ലാത്തതുമൂലം ജോലിയില്ലാതിരിക്കുന്ന ഡ്രൈവർമാരെ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കണം. ഇതോടെ, നിലവിൽ വിവിധ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് പണിപോയേക്കും. ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾ സാധാരണമായ സാഹചര്യത്തിൽ കെഎസ്ഇബിയിലെ ഓഫ് ലൈൻ ബിൽ കൗണ്ടറുകൾ അവസാനിപ്പിക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഈ ഉദ്യോ​ഗസ്ഥരെ മാതൃവകുപ്പിലേക്ക് തിരികെ അയക്കണമെന്നാണ് നിർദേശം.

Related Articles

Back to top button
error: Content is protected !!