ആദ്യം ഓസീസ് കളിച്ചു, പിന്നെ മഴയും; ഗാബയിൽ പരാജയഭീതിയിൽ ഇന്ത്യ, പ്രതീക്ഷ മഴയിൽ
ഗാബ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ പരാജയഭീതി. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മറുപടി ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി കെഎൽ രാഹുലും റൺസൊന്നുമെടുക്കാതെ നായകൻ രോഹിത് ശർമയുമാണ് ക്രീസിൽ
മത്സരം രണ്ട് ദിവസം കൂടി ശേഷിക്കെ ഇന്ത്യയുടെ ബാക്കി വിക്കറ്റുകളും പെട്ടെന്ന് വീഴ്ത്തി ഫോളോ ഓൺ ചെയ്യിക്കാനാകും ഓസ്‌ട്രേലിയയുടെ പദ്ധതി. ഇങ്ങനെ വന്നാൽ കനത്ത പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. മഴയിൽ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷയുള്ളത്. മഴയെ തുടർന്ന് കളി തടസ്സപ്പെട്ടാൽ സമനില എന്ന ആശ്വാസം ഇന്ത്യക്ക് ലഭിക്കും
മൂന്നാം ദിനമായ ഇന്ന് ഏഴിന് 405 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിംഗ് പുനരാരംഭിച്ചത്. 40 റൺസെടുക്കുന്നതിനിടെ ബാക്കി വിക്കറ്റുകളും അവർക്ക് നഷ്ടമായി. ഇന്ത്യക്കായി ബുമ്ര ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. ആകാശ് ദീപ്, നീതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് നേടി
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ നാല് റൺസെടുത്ത യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. സ്‌കോർബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ ഒരു റൺസെടുത്ത ശുഭ്മാൻ ഗില്ലും വീണു. വിരാട് കോഹ്ലി മൂന്ന് റൺസിനും റിഷഭ് പന്ത് 9 റൺസും പുറത്തായതോടെ ഇന്ത്യ 4ന് 44 എന്ന നിലയിലേക്ക് വീണു. ഇതോടെയാണ് മഴ എത്തിയത്. ഇതിന് ശേഷം രണ്ട് തവണ കളി പുനരാരംഭിച്ചെങ്കിലും ഏതാനും പന്തുകൾ മാത്രമാണ് എറിയാൻ സാധിച്ചത്.