കൊല്ലപ്പെട്ട ദിവസവും നാല് വയസുകാരി പീഡനത്തിന് ഇരയായി; ഒന്നര വർഷമായി തുടരുന്ന പിതൃസഹോദരന്റെ ക്രൂരത

എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാല് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ ഒന്നര വർഷത്തോളമായി കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായും, കുട്ടി കൊല്ലപ്പെട്ട ദിവസവും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായും പോലീസ് അറിയിച്ചു.
പ്രതിക്ക് ലൈംഗിക വൈകൃതങ്ങളുണ്ടായിരുന്നതായും, ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. കുട്ടിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു പിതാവിന്റെ സഹോദരൻ. ഈ അടുപ്പം മുതലെടുത്താണ് ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.
ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഈ ക്രൂരത തുടരുകയായിരുന്നുവെന്നും, കുട്ടി കൊല്ലപ്പെട്ട ദിവസവും പീഡനം നടന്നുവെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.