ഫ്യുവല്‍ പമ്പ് തകരാര്‍: ഹോണ്ട വീണ്ടും 92,672 കാറുകള്‍ തിരികെ വിളിക്കുന്നു
മുംബൈ: അമേസ്, സിറ്റി, ബ്രിയോ, ബിആര്‍-വി, ജാസ്, ഡബ്ല്യുആര്‍-വി എന്നിവയില്‍ ഉള്‍പ്പെടുന്ന 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച 92,672 യൂണിറ്റ് കാറുകള്‍ കൂടി ഹോണ്ട തിരികേ വിളിക്കുന്നു. ഫ്യുവല്‍ പമ്പില്‍ കണ്ടെത്തിയ തകരാറാണ് തിരികേവിളിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്. മുമ്പ് ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് 2019-നും 2020-നും ഇടയില്‍ നിര്‍മിച്ച 78,000 കാറുകളും ഹോണ്ട തിരിച്ചുവിളിച്ചിരുന്നു.
ഈ വര്‍ഷങ്ങളില്‍ നിര്‍മിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ പ്രോഡക്റ്റ് അപ്‌ഡേറ്റ്/റീകോള്‍ പേജിലൂടെ ബന്ധപ്പെട്ട് തങ്ങളുടെ വാഹനം തിരിച്ചുവിളിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. തകരാറിലായ ഇംപെല്ലറുള്ള ഫ്യുവല്‍ പമ്പുകളാണ് ഇവയ്ക്കുള്ളത്. ഇത് വാഹനം പെട്ടെന്ന് ഓഫാകാനും പിന്നീട് സ്റ്റാര്‍ട്ടാകാതിരിക്കാനും സാധ്യതയുണ്ടെന്നതാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. ഫ്യുവല്‍ പമ്പ് സൗജന്യമായി മാറ്റിക്കൊടുക്കുമെന്നും കമ്പനി അറിയിച്ചു.
നവംബര്‍ അഞ്ചു മുതലാണ് കമ്പനി വാഹനങ്ങള്‍ തിരിച്ചുവിളിക്കാനാരംഭിക്കുന്നത്. വാഹന ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടും. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയെയാണ് തിരിച്ചുവിളിക്കുന്നതെന്ന് ഹോണ്ട ഇന്ത്യ അറിയിച്ചു.