Sports

295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാന് നാണം കെട്ട തോൽവി. 202 റൺസിനാണ് പാക്കിസ്ഥാൻ തോൽവി അറിഞ്ഞത്. ഇതോടെ പരമ്പരയും പാക്കിസ്ഥാന് നഷ്ടമായി. രണ്ടാം ഏകദിനത്തിലും വിൻഡീസ് വിജയിച്ചിരുന്നു. ആദ്യ ഏകദിനത്തിൽ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാൻ സാധിച്ചത്

ട്രിനിഡാഡിലെ ബ്രയൻ ലാറ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എടുത്തു. 94 പന്തിൽ 120 റൺസ് നേടിയ ക്യാപ്റ്റൻ ഷായി ഹോപിന്റെ പ്രകടനമാണ് വിൻഡീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. എവിൻ ലൂയിസ് 37 റൺസും ജസ്റ്റിൻ ഗ്രീവ്‌സ് 43 റൺസുമെടുത്തു.

മറുപടി ബാറ്റിംഗിൽ ഒന്ന് പൊരുതാൻ പോലും തയ്യാറാകാതെ പാക്കിസ്ഥാൻ തകർന്നടിയുകയായിരുന്നു. 29.2 ഓവറിൽ 92 റൺസിന് ഓൾ ഔട്ട്. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ അടക്കം അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. 30 റൺസെടുത്ത സൽമാൻ അഗയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ.

മുഹമ്മദ് നവാസ് 23 റൺസും ഹസൻ നവാസ് 13 റൺസുമെടുത്തു. മറ്റാരും രണ്ടക്കം കണ്ടില്ല. ബാബർ അസം 9 റൺസിന് മടങ്ങി. വിൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് ആറ് വിക്കറ്റ് വീഴ്ത്തി. ഗുഡകേഷ് മോട്ടി രണ്ടും റോസ്റ്റൻ ചേസ് ഒരു വിക്കറ്റുമെടുത്തു.

Related Articles

Back to top button
error: Content is protected !!