തകർന്ന കെട്ടിടങ്ങൾക്ക് നടുവിൽ ഈദ്ഗാഹുകളൊരുക്കി ഗസ്സയുടെ പെരുന്നാളാഘോഷം

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ. യുദ്ധം തകർത്തെറിഞ്ഞ വടക്കൻ ഗസ്സയിലും ഖാൻ യൂനുസിലും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മുസ്വല്ല വിരിച്ചാണ് പെരുന്നാൾ നമസ്കാരം.
തുല്യതയില്ലാത്ത ദുരിതങ്ങൾക്കിടയിലും പെരുന്നാൾ ദിനത്തിൽ സന്തോഷം കണ്ടെത്തുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങൾ. തകർന്ന തെരുവിലൂടെ കൂട്ടമായി നടന്ന് തക്ബീർ മുഴക്കി പെരുന്നാളാഘോഷിക്കുകയാണവർ. അതേസമയം, പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാൾ ദിനം.
ഖാൻ യൂനുസിലേയും വടക്കൻ ഗസ്സയിലെ മറ്റിടങ്ങളിലെയും താത്കാലിക തമ്പുകളിൽ കുട്ടികൾക്കായി ഉമ്മമാർ പെരുന്നാൾ മധുരമൊരുക്കി. അവർ കുടുംബ ബന്ധങ്ങൾ പുതുക്കി. പ്രിയപ്പെട്ടവരുടെ ഖബറുകൾ സന്ദർശിച്ചു.
എന്നാൽ, പെരുന്നാൾ ദിനത്തിലും ഗസ്സയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്.