കൊച്ചി: സ്വര്‍ണ വില കുത്തനെ വര്‍ധിക്കുകയാണ്. ഇടക്കൊന്ന് കുറഞ്ഞെങ്കിലും പിന്നീട് വില പിടിവിട്ട് കൂടുകയാണ്.
ഇന്ന് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ഔണ്‍സിന് 2,700 ഡോളര്‍ കടന്നിരുന്നു. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ച് വരുന്ന സംഘര്‍ഷങ്ങള്‍ക്കും യുഎസ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനും ഇടയിലാണ് വിലയിലെ ഈ കുതിച്ചുചാട്ടം.
700 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൊടുക്കേണ്ട വില 57,920 രൂപയാണ്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 78,000 രൂപ കടന്നിട്ടുണ്ട്. സ്വര്‍ണവിലയെ സ്വാധീനിക്കുന്നതിന് എന്താണ് കാരണം എന്ന് കൃത്യമായി പറയാനൊക്കില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങള്‍ യു എസ് തിരഞ്ഞെടുപ്പും ഫലസ്തീന്‍, ഇറാന്‍, ലബനാന്‍ സംഘര്‍ഷവുമാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വില കുറയാനുള്ള യാതൊരു സൂചനയുമില്ലെന്നാണ് ബിസിനസ്സ് രംഗത്തുള്ളവര്‍ പറയുന്നത്.
അതേസമയം, പ്രാദേശിക മാര്‍ക്കറ്റിലെ ചെറിയ മാറ്റങ്ങള്‍ക്കനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വിലയിലുണ്ടാകുമെങ്കിലും കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.