പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നു; പാർട്ടി സർവീസ് നിയമനം എന്നാക്കണം: വിഷ്ണനാഥ്
പി എസ് സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ നിയമസഭയിൽ. പിൻവാതിൽ നിയമനമാണ് നടക്കുന്നത്. പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാകും ഉചിതമെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഒ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം ഒരാളെ പോലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല
ആറ് മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ട്. ഇനി കാലാവധി ആറ് മാസം മാത്രമാണ്. കഴിഞ്ഞ കാലങ്ങളിൽ ഈ കാലയളവിൽ രണ്ട് ബാച്ച് ട്രെയിനിംഗിന് കയറിയിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. വനിതാ കോൺസ്റ്റബിൾമാരുടെ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്നും ഇതുവരെ ആർക്കും നിയമനം നൽകിയിട്ടില്ല
എസ് ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയിൽ അംഗബലം കുറവായതു കൊണ്ടും സമ്മർദം കൊണ്ടും 83 പോലീസുകാർ ാത്മഹത്യ ചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യ വകുപ്പ് തള്ളിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. പി എസ് സി നിയമനത്തിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.