National

മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ല: അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കാണാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി. ഗുരുതരമായ ലൈംഗികാതിക്രമമായി മാത്രമാണ് ഇതിനെ കാണാനാവൂ എന്നും കോടതി പറഞ്ഞു. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കേസിലാണ് കോടതിയുടെ നിരീക്ഷണം.

2021ലാണ് യുപിയിലെ കാസ്ഗഞ്ചിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ രണ്ടുപേർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ. അമ്മക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതികൾ പെൺകുട്ടിയെ കലുങ്കിനടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. കരച്ചിൽ കേട്ടെത്തിയ വഴിയാത്രക്കാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

പ്രതികൾക്കെതിരെ വിചാരണക്കോടതി പീഡനം, പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര വിവാദ നിരീക്ഷണങ്ങൾ നടത്തിയത്. ഒരു കുറ്റകൃത്യം ചെയ്യാനുള്ള തയ്യാറെടുപ്പും യഥാർഥ ശ്രമമവും തമ്മിൽ വ്യത്യാസമുണ്ട്. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും കേസിലെ വസ്തുതകളും പരിശോധിക്കുമ്പോൾ അത് ബലാത്സംഗശ്രമമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

പെൺകുട്ടിയെ കലുങ്കിനടിയിലേക്ക് വലിച്ചുകൊണ്ടുപോയി പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിയായ ആകാശിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാൽ ഇത് മൂലം ഇര നഗ്നയായി എന്നോ വസ്ത്രം അഴിച്ചുമാറ്റിയതായോ സാക്ഷികൾ പറഞ്ഞിട്ടില്ല. പ്രതി ഇരക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി ആരോപണമില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്ന് മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ തീരുമാനത്തെ ഒരു തരത്തിലും പിന്തുണക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അന്നപൂർണ ദേവി പറഞ്ഞു. സുപ്രിംകോടതി ഇത് പുനപ്പരിശോധിച്ചില്ലെങ്കിൽ സമൂഹത്തിൽ ഇത്തരം നിരീക്ഷണങ്ങൾ ഉണ്ടാക്കുന്ന ആഘാതം വലുതാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!