ഗ്രീഷ്മയുടെ പേര് ഷാരോൺ വെളിപ്പെടുത്തിയത് മരിക്കുമെന്ന് ഉറപ്പായപ്പോൾ; വിവാഹം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു അതുവരെ
മരിക്കുമെന്ന് ഉറപ്പായപ്പോൾ മാത്രമാണ് ഷാരോൺ ഗ്രീഷ്മയുടെ പേര് വെളിപ്പെടുത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. ഓരോ സാഹചര്യങ്ങളും തെളിവുകളും കോർത്തിണക്കി പ്രതികൾക്ക് നേരെ മാത്രം വിരൽ ചൂണ്ടുന്ന രീതിയിലാണ് കോടതിയിൽ അവതരിപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി വാദിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
കോടതിയിൽ പോലീസ് സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ കൊലപാതക കുറ്റം ചുമത്തിയത് ഗ്രീഷ്മക്കെതിരെ മാത്രമാണ്. രണ്ടാം പ്രതി സിന്ധുവിനും മൂന്നാം പ്രതി നിർമൽ കുമാറിനുമെതിരെ തെളിവ് നശിപ്പിക്കൽ മാത്രമായിരുന്നു ചുമത്തിയിരുന്നത്. കൃത്യം നടന്ന ദിവസം രാവിലെ 10.15ഓടെ അമ്മയും അമ്മാവനും വീട്ടിൽ നിന്ന് പോയിരുന്നു. ഇവർ കളിയിക്കാവിള മാർക്കറ്റിൽ നിൽക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി
ഷാരോണിന്റെ മരണമൊഴിയാണ് കേസിൽ സുപ്രധാനമായത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ ഗ്രീഷ്മ നൽകിയ കഷായം കുടിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്ന് ഷാരോൺ പറഞ്ഞിരുന്നു. ആദ്യമൊക്കെ ഗ്രീഷ്മയുടെ പേര് വെളിപ്പെടുത്താൻ ഷാരോൺ തയ്യാറായിരുന്നില്ല. രക്ഷപെടുമെന്നും ഗ്രീഷ്മയെ വിവാഹം ചെയ്യാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു യുവാവ്.