ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റ് നേട്ടവുമായി ഹരിയാനയുടെ കാംബോജ്; അതും കേരളത്തിനെതിരെ
രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ഹരിയാനയുടെ മീഡിയം പേസർ അൻഷുൽ കാംബോജ്. രഞ്ജിയിൽ ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കാംബോജ്. കേരളത്തിനെതിരായ ഗ്രൂപ്പ് സി മത്സരത്തിന്റെ മൂന്നാം ദിനമാണ് കാംബോജിൻരെ അപൂർവ നേട്ടം
രണ്ടാം ദിനം എട്ട് വിക്കറ്റുകൾ വീഴ്ത്തിയ കാംബോജ് മൂന്നാം ദിനം രാവിലെ തന്നെ ബേസിൽ തമ്പിയെയും ഷോൺ റോജറിനെയും പുറത്താക്കിയാണ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 30.1 ഓവറിൽ 49 റൺസ് മാത്രം വിട്ടുകൊടുത്താണ് പത്ത് വിക്കറ്റ് നേട്ടം. ഇതിൽ ഒമ്പത് ഓവർ മെയ്ഡനായിരുന്നു.
കാംബോജിയുടെ ഒറ്റയാൾ പ്രകടനത്തിൽ തകർന്ന കേരളം ഒന്നാമിന്നിംഗ്‌സിൽ 291 റൺസിന് പുറത്തായി. എട്ടിന് 285 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ബംഗാളിന്റെ പ്രേമൻസു ചാറ്റർജിയും രാജസ്ഥാന്റെ പ്രദീപ് സുന്ദരവുമാണ് രഞ്ജിയിൽ ഇതിന് മുമ്പ് ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങൾ