National

ഹേമകമ്മിറ്റി: 18 കേസുകളിൽ അന്വേഷണമെന്ന് സർക്കാർ

ന്യൂഡൽഹി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് കേരളം. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം നടന്നു വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ 14 ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും കേസിൽ ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാൻ ആകില്ലെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ പറയുന്നു.

ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ഹർജി കേട്ട ഹൈക്കോടതി പ്രത്യേക ബഞ്ചിലെ ജഡ്ജിമാർ കേസ് പരിഗണിക്കും മുമ്പ് എജിയേയും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെയും ചേംബറിൽ കണ്ടിരുന്നു.

കുറ്റപത്രം നൽകുന്നത് വരെ എഫ്ഐആർ പൂർണമായും കൈമാറില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മൊഴികളുടെ അടിസ്ഥാനത്തിൽ നാൽപതോളം കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ പ്രത്യേക മൊഴി ഇല്ലാതെ തന്നെ കേസെടുക്കുന്നത് എന്തിനെന്നും മുകുൾ റോതഗി ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുതെന്ന അഭിപ്രായപ്രകടനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. വ്യാജ പീഡനങ്ങൾ ഉയരുന്നത് ഭയപ്പെടുത്തുന്നുവെന്നും ആർക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ സമൂഹത്തിനെയാകെ ബാധിക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു. ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും ഇത് വഴിവയ്ക്കുന്നതും ഗൗരവതരമായ കാര്യമാണെന്നും അസോസിയേഷൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉദ്ദേശശുദ്ധിയെ തന്നെ ഇത് ബാധിക്കും. സർക്കാർ ഇടപെടൽ വേണമെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.

Related Articles

Back to top button