ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവർ പോലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് പി സതീദേവി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പോലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു
മൊഴികളിൽ ഉറച്ചുനിൽക്കണം. തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും സതീദേവി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായി പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.