ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും; കൈമാറുക 233 പേജ് മാത്രം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്തുവിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകും. റിപ്പോർട്ടിലെ 233 പേജ് മാത്രമാണ് സാംസ്‌കാരിക വകുപ്പ് ഇവർക്ക് കൈമാറുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.
നിർമാതാവ് സജിമോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഹർജിക്കാരന് ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷൻ കോടതിയിൽ വാദിച്ചു.
സുപ്രീം കോടതിയുടെ നിർദേശം പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷൻ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി ഹർജി തള്ളിയത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ 2017 ജൂലൈയിലാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.