മകന് ആരെയും ആക്രമിക്കാൻ കഴിയില്ല; അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല മനസ്സിലായിട്ടും തനിക്ക് പരുക്ക് പറ്റിയത് കട്ടിലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്നാണെന്ന് ഇവർ ആവർത്തിച്ചു. ആശുപത്രിയിൽ നിന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു
അഫാനല്ല തന്നെ ആക്രമിച്ചതെന്നും കട്ടിലിൽ നിന്ന് വീണാണ് തലയ്ക്ക് പരുക്കേറ്റതെന്നും ഷെമി പറഞ്ഞു. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമി പറഞ്ഞു. അതേസമയം കേസിൽ അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി വെഞ്ഞാറമൂട് പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും
അനിയൻ അഫ്സാനെയും കാമുകി ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ദിവസത്തെ കസ്റ്റഡി. നേരത്തെ പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.