ഒരു മാസം ജയിലിൽ കഴിഞ്ഞാൽ പദവി നഷ്ടം: ബിൽ അവതരണത്തിനിടെ ലോക്‌സഭയിൽ വൻ ബഹളം

അറസ്റ്റിലായി ഒരു മാസം തടവിൽ കഴിഞ്ഞാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ബില്ല് അവതരിപ്പിച്ചത്. തൃണമൂൽ അംഗങ്ങൾ ബില്ല് കീറിയെറിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്നും ഭരണഘടനയെ തകർക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം ആരോപിച്ചു
ബില്ല് അംഗങ്ങൾക്ക് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയ എൻകെ പ്രേമചന്ദ്രൻ എന്തിനാണ് അനാവശ്യ തിടുക്കമെന്ന് ചോദിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ബിൽ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബില്ല് അവതരണത്തിനിടെ സഭയിൽ കയ്യാങ്കളി വരെ കാര്യങ്ങൾ എത്തിയിരുന്നു. തുടർന്ന് സഭ 3 മണി വരെ നിർത്തിവെച്ചു.