ആസിഡ്, ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കണം
ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി
സമൂഹത്തില്‍ നിന്ന് ക്രൂരമായ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് സമാശ്വാസ നടപടിയുമായി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ആസിഡ് ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടുന്നവര്‍ക്ക് ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഉത്തരവ് ബാധകമാണെന്നും ഇവരില്‍ നിന്ന് ചികിത്സയുടെ പേരില്‍ പണം ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പ്രതിബ സിംഗ്, അമിത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ണായകമായ വിധി.ലൈംഗികാതിക്രമവും ആസിഡ് ആക്രമണവും അതിജീവിച്ചവര്‍ മെഡിക്കല്‍ സൗകര്യം, ഡയഗ്നോസ്റ്റിക് സൗകര്യം, നഴ്സിംഗ് ഹോം, ആശുപത്രി, ക്ലിനിക്ക് തുടങ്ങിയവയ്ക്കായി സമീപിച്ചാല്‍ സൗജന്യ ചികിത്സ നല്‍കാതെ തിരിച്ചയക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പ്രഥമശുശ്രൂഷ, രോഗനിര്‍ണ്ണയ പരിശോധനകള്‍, ലാബ് പരിശോധനകള്‍, ശസ്ത്രക്രിയകള്‍ കൂടാതെ ആവശ്യമായ മറ്റേതെങ്കിലും മെഡിക്കല്‍ ഇടപെടലുകളെല്ലാം അവരുടെയും നിയമപരമായ അവകാശമാണെന്ന് കോടതി ആവര്‍ത്തിച്ചു.
അതേസമയം, ഇരകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാതെ തിരിച്ചുവിടുന്നവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നും ഇക്കാര്യം മെഡിക്കല്‍ സ്ഥാപനങ്ങള്‍ പ്രത്യേക സര്‍ക്കുലറുകള്‍ ഇറക്കി പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
വൈദ്യചികിത്സ നല്‍കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.ഡോക്ടര്‍മാര്‍, അഡ്മിനിസ്ട്രേഷന്‍, ഓഫീസര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കോടതി കൂട്ടിച്ചേര്‍ത്തു.