National

ദീപാവലിക്ക് നിങ്ങള്‍ രാമന്റെ വേഷം കെട്ടുമോ; സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് ഡെലിവറിക്കെത്തിയ സൊമാറ്റോ ഏജന്റിന്റെ വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍

നടപടിയെടുക്കാതെ പോലീസ്; പരാതി ലഭിച്ചില്ലെന്ന് ന്യായീകരണം

ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തോട് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അസഹിഷ്ണുതാ ആക്രമണങ്ങളും അതിക്രമങ്ങളും തുടരുന്നു. പുല്‍ക്കൂട്ടിന് നേരെയും കേക്ക് മുറിക്കുന്നതിനെതിരെയും ആക്രമണം നടത്തിയ ഹിന്ദുത്വ തീവ്ര സംഘടനകളുടെ നേതൃത്വത്തില്‍ സൊമാറ്റോ ജീവനക്കാരന് നേരെ അതിക്രമമുണ്ടായിരിക്കുകയാണ്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസിന്റെ വസ്ത്രത്തില്‍ ഫുഡ് ഡെലിവറിക്കെത്തിയ സൊമാറ്റോ ഏജന്റിനെ തടഞ്ഞ് നിര്‍ത്തി വസ്ത്രം അഴിപ്പിച്ചെന്നാണ് വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. ഹിന്ദു ജാഗ്രണ്‍ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.

ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ കണ്‍വീനര്‍ സുമിത് ഹര്‍ദ്ദിയ ആണ് ഡെലിവറി ഏജന്റിനെ ചോദ്യം ചെയ്തത്.സാന്താ ക്ലോസിന്റെ വസ്ത്രം അണിഞ്ഞാണോ ഡെലിവറി ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു സുമിത് ഏജന്റിന്റെ അരികിലെത്തിയത്. ഈ സമയം ബൈക്കില്‍ ഇരിക്കുകയായിരുന്നു സൊമാറ്റോ ജീവനക്കാരന്‍. ചോദ്യത്തിന് ഏജന്റ് അതേയെന്ന് തലകുലുക്കി.

ദീപാവലി ദിനത്തില്‍ രാമന്റെ വേഷത്തില്‍ പോകുമോ എന്നായിരുന്നു ഹിന്ദു സംഘടനാ നേതാവിന്റെ അടുത്ത ചോദ്യം. ഇല്ല, കമ്പനിയാണ് സാന്താ ക്‌ളോസിന്റെ വേഷം നല്‍കിയത് എന്നായിരുന്നു ഏജന്റിന്റെ മറുപടി.

നമ്മള്‍ ഹിന്ദുക്കളാണ്, എന്ത് സന്ദേശമാണ് നമ്മള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്? നിങ്ങള്‍ സാന്താ ക്‌ളോസിന്റെ മാത്രം വേഷം അണിഞ്ഞാല്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? നിങ്ങള്‍ക്ക് ശരിക്കും സന്ദേശം നല്‍കണമെന്നുണ്ടെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ വേഷം കൂടി അണിയൂ. കൂടുതല്‍ ആഹാരവും ഹിന്ദുക്കള്‍ക്കാണ് ഡെലിവറി ചെയ്യുന്നത്.

ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. പിന്നെ എന്തുകൊണ്ടാണ് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കുന്നത്? ഹനുമാന്‍ ജയന്തി, രാം നവമി, ദീപാവലി തുടങ്ങിയവയ്ക്ക് അവര്‍ കാവി വസ്ത്രം അണിയാറുണ്ടോ? ഇത്തരം വസ്ത്രങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കുന്നതിന് പിന്നില്‍ കമ്പനികളുടെ ഉദ്ദേശമെന്താണ്?’- ഹിന്ദു ജാഗ്രണ്‍ മഞ്ച് നേതാവ് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം.

ഉത്സവ സീസണുകളില്‍ പ്രത്യേക വേഷത്തില്‍ ഫുഡ് ഡെലിവറി നടത്താന്‍ കമ്പനി നിര്‍ദേശമുണ്ടെന്നും അതിന്റെ വീഡിയോയും ചിത്രങ്ങളും കമ്പനിക്ക് അയച്ച് കൊടുക്കണമെന്നും യുവാവ് പറഞ്ഞെങ്കിലും ചെവികൊള്ളാന്‍ തീവ്ര വിഭാഗം തയ്യാറായില്ല. യുവാവിനെ ഭീഷണിപ്പെടുത്തി ഇവര്‍ പിന്നീട് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.

അതിനിടെ, സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ജാഗ്രണ്‍ മഞ്ച് വൃത്തങ്ങള്‍ രംഗത്തെത്തി. ഇത്തരം രീതികള്‍ അവസാനിപ്പിക്കണെന്നും പ്രത്യേക മത വിഭാഗത്തിന്റെ വസ്ത്രം ധരിക്കാന്‍ എന്തിനാണ് കമ്പനി നിര്‍ബന്ധിപ്പിക്കുന്നതെന്നും ഹിന്ദു ജാഗ്രണ്‍ മഞ്ച് നേതാക്കള്‍ ന്യായീകരിക്കുന്നു. ഇത്തരം സംവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്ന പക്ഷം വീണ്ടും ഇത്തരത്തിലുള്ള പ്രതിഷേധമുണ്ടാകുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!