പിആർ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ; 16ാം നമ്പർ ജേഴ്‌സി പിൻവലിച്ചു
പാരീസ് ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പിആർ ശ്രീജേഷ് ധരിച്ചിരുന്ന ജേഴ്‌സി നമ്പർ പിൻവലിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചു. രണ്ട് പതിറ്റാണ്ട് കാലത്തോളം 16ാം നമ്പർ ജേഴ്‌സിയുമായാണ് ശ്രീജേഷ് കളത്തിലിറങ്ങിയിരുന്നത്. ഇനി മുതൽ 16ാം നമ്പർ ജേഴ്‌സി മറ്റാർക്കും നൽകില്ല
പിആർ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിംഗ് അറിയിച്ചു. ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്റെ പരിശീലകനാകാൻ പോവുകയാണ്. സീനിയർ ടീമിൽ നിന്ന് ഞങ്ങൾ 16ാം നമ്പർ ജഴ്സി പിൻവലിക്കുന്നു. ജൂനിയർ ടീമിൻറെ 16ാം നമ്പർ പിൻവലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആർ ശ്രീജേഷിനെ രൂപപ്പെടുത്തും. ആ പ്ലേയർ 16ാം നമ്പർ ജേഴ്സി ധരിക്കുമെന്നും ഭോല നാഥ് സിംഗ് പറഞ്ഞു.
ഒളിമ്പിക്‌സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ സ്‌പെയിനിനെതിരെ ശ്രീജേഷ് നിർണായക സേവുകളുമായി കളംനിറഞ്ഞിരുന്നു. ഒളിമ്പിക്‌സോടെ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾകീപ്പറാണ്.