Kerala

ഗൂഡല്ലൂരിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

ഗൂഡല്ലൂരിൽ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. മസിനഗുഡിയിൽ നിർമാണത്തൊഴിലാളിയായ ദിനേശ് കുമാറിനെയാണ് ഭാര്യ കാർത്യായിനി കൊലപ്പെടുത്തിയത്. ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

വാഴത്തോട്ടത്തിൽ വെച്ചാണ് കാർത്യായിനി ദിനേശ് കുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരും നിർമ്മാണജോലിക്കായി ഊട്ടിയിൽ പോയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം അന്ന് രാത്രി ഭർത്താവ് മരണപ്പെട്ടുവെന്ന് കാണിച്ച് കാർത്യായിനി തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇൻസ്‌പെക്ടർ എസ്. ശിവകുമാറിന്റെ നേതൃത്വത്തിൽ മസിനഗുഡി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ദിനേശ്കുമാറിന്റെ മൃതദേഹം ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ദിനേശ് കുമാറിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെ പോലീസ് കാർത്യായിനിയെ വിശദമായി ചോദ്യംചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, തുടർന്ന് ദിനേശ്കുമാറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കാർത്യായിനി സമ്മതിച്ചതായി പോലീസ് അറിയിച്ചു. തുടർന്ന് കാർത്യായിനിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

Related Articles

Back to top button
error: Content is protected !!