കൈ കൂപ്പി അപേക്ഷിക്കുന്നു, പേരുകൾ തരൂ, സേർച്ച് കമ്മിറ്റിയെ നിയമിക്കാം: വിസി നിയമനത്തിൽ സുപ്രിം കോടതി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസിമാരെ കണ്ടെത്താൻ സുപ്രീം കോടതി സേർച്ച് കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയിലേക്ക് അഞ്ച് പേരുകൾ നൽകാൻ കോടതി നിർദേശിച്ചു. സർക്കാരിനും ഗവർണർക്കും യുജിസിക്കും പേരുകൾ നൽകാം. നാളെ പേരുകൾ നൽകണം
സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഗവർണർ തെരഞ്ഞെടുപ്പ് നടത്തണം. പ്രശ്‌നം പരിഹരിക്കാൻ കൈ കൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. വിസി നിയമനത്തിൽ സർക്കാരും ഗവർണറും യോജിപ്പിലെത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി
സ്ഥിരം വിസി നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഗവർണർ സഹകരിക്കുന്നില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിനാണ് അധികാരമെന്ന വാദം കോടതിയും അംഗീകരിച്ചു. തുടർന്നാണ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയെ തങ്ങൾ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.