എനിക്ക് അമ്മയില്ല, വിഷം തന്ന് കൊല്ലുമെന്നാ വാപ്പി പറയുന്നേ, എന്റെ വാപ്പി കഷ്ടമുണ്ട്; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി 9 വയസുകാരി

എനിക്ക് അമ്മയില്ല കേട്ടോ, രണ്ടാനമ്മയാണ് കേട്ടോ. എന്നോട് ക്രൂരതയാണ് കാണിക്കുന്നത് വാപ്പിയും ഉമ്മിയും കൂടി. എനിക്ക് സുഖമില്ല സാറേ. വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പി കഷ്ടമുണ്ട്, നെഞ്ചുലയ്ക്കുന്ന ഈ കുറിപ്പ് ഒരു ഒമ്പത് വയസുകാരിയുടേതാണ്. പിതാവും രണ്ടാനമ്മയും ചേർന്ന് നടത്തിയ കൊടുംക്രൂരതകൾ അവൾ തന്റെ നോട്ട് ബുക്കിൽ എഴുതിയിട്ടതാണ്. കണ്ണ് നിറയാതെ ആർക്കും വായിച്ച് പോകാനാകില്ല ആ കുറിപ്പ്
എന്റെ അനുഭവം എന്ന് പേരിട്ട് എഴുതിയ കുറിപ്പ് ഏവരെയും പൊള്ളിക്കുമെന്നുറപ്പ്. ആലപ്പുഴ ചാരുമൂട് നാലാം ക്ലാസ് വിദ്യാർഥിനിക്കേറ്റ കൊടിയ മർദനത്തിന്റെ കഥ ആ നോട്ടുബുക്കിലെ താളുകളിലൂടെ പുറംലോകം അറിഞ്ഞു. സ്‌കൂൾ അധികൃതരുടെ മൊഴിയിൽ നൂറനാട് പോലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരെയാണ് കേസ്
പോലീസ് വിവരം അറിഞ്ഞ് എത്തിയപ്പോഴേക്കും പ്രതികളായ അൻസാറും ഷെഫീനയും ഒളിവിൽ പോയിരുന്നു. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് മരിച്ചതിനെ തുടർന്ന് 9 വയസുകാരിയെ വളർത്തിയത് അൻസാറിന്റെ മാതാപിതാക്കളാണ്. അഞ്ച് വർഷം മുമ്പ് അൻസാർ വീണ്ടും വിവാഹിതയായി. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ കവിളുകളിൽ തിണർപ്പ് കണ്ട് അധ്യാപിക വിവരം തിരക്കിയപ്പോഴാണ് ക്രൂരതകളുടെ കഥ പുറത്തറിയുന്നത്
ചൊവ്വാഴ്ച അർധരാത്രിയോടെ ഉറങ്ങിക്കിടന്ന കുട്ടിയ ഷെഫീനെ തലമുടിയിൽ കുത്തിപ്പിടിച്ച് മുറിക്ക് പുറത്തുകൊണ്ടുവന്നു. തന്നെ പറ്റി കള്ളങ്ങൾ പിതാവിനോട് പറഞ്ഞെന്നും കുട്ടി പറയുന്നു. ഇരുവരും ചേർന്ന് കുട്ടിയുടെ ഇരു കവിളുകളിലും മാറിമാറി അടിച്ചു. കാൽമുട്ട് അടിച്ച് ചതച്ചു. പുലർച്ചെ വരെ താൻ ഉറങ്ങാതെ ഇരുന്ന് കരഞ്ഞെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു