സ്വകാര്യബസ് ആളുകളെ ഇടിച്ചുകൊന്നാൽ 3 മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും; ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം: മന്ത്രി ഗണേഷ്കുമാർ
സ്വകാര്യ ബസുകൾ റോഡിൽ ആളുകളെ ഇടിച്ചു കൊന്നാൽ ബസിൻ്റെ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്യുമെന്ന് മന്ത്രി കെ. ബി. ഗണേഷ്കുമാർ. സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും തുടർന്ന് മന്ത്രി പറഞ്ഞു. പാലക്കാട് അപകടം ഉണ്ടായ പനയംപാടത്ത് വാഹനങ്ങളുടെ സ്പീഡ് കുറക്കാനായി നിർദ്ദേശം വയ്ക്കുമെന്നും പ്രദേശത്ത് ഒരു സ്ഥിരം ഡിവൈഡർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബസ് വേകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നത് മാറ്റാൻ നടപടി എടുക്കുമെന്നും ഊരാലുങ്കൽ സൊസൈറ്റിക്ക് ഇതിൻ്റെ കോണ്ട്രാക്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കിഴക്കേകോട്ട അപകടത്തിൽ സർക്കാർ നടപടി സ്വീകരിക്കും. ഇത്തരം എല്ലാ അപകടങ്ങളിലും നടപടി സ്വീകരിക്കുമെന്നും ബ്ലാക് സ്പോട്ട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും. വാഹനങ്ങളുടെ മത്സര ഓട്ടം നിർത്തലാക്കാനായി ജിയോ ടാഗിങ് ഏർപ്പെടുത്തും. സമയം തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്ക് പിഴ നൽകും.
കൂടാതെ, റൂട്ടുകൾ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഉൾ റൂട്ടുകളിൽ ഉൾപ്പെടെ ഒരു വണ്ടി എങ്കിലും ഉറപ്പാക്കാൻ സംഘടനയുമായി ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. മാർച്ച് മാസത്തോടെ സ്വകാര്യ ബസുകളിൽ ക്യാമറ വെക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മോട്ടോർ വാഹന വകുപ്പിൽ പുതിയ തസ്തികകൾ ഇപ്പോൾ ഉണ്ടാവില്ലെന്നും ഉള്ള ഒഴിവുകളിലെല്ലാം നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, കേന്ദ്ര ഗതാഗത മന്ത്രിക്ക് കേരളത്തിൻ്റെ കാര്യങ്ങൾ കേൾക്കാൻ പോലും താല്പര്യമില്ലെന്നും സംസ്ഥാനത്തിന് പറയാനുള്ളത് കേൾക്കാനുള്ള മര്യാദയെങ്കിലും കേന്ദ്രം കാട്ടണമെന്നും മുഖ്യമന്ത്രി പറയുമ്പോൾ അത് രാഷ്ട്രീയമെന്ന് പറഞ്ഞിട്ട് കാര്യമില്ല പറയും മുന്നേ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.