അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലൻസ്. ആറ് മണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടത്. ആഡംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ് പിയുടെ വസതിയിലെ മരംമുറി അടക്കമുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും
പിവി അൻവർ നൽകിയ പരാതിയിലാണ് അന്വേഷണം. തന്റെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.
സെപ്റ്റംബറിലാണ് അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദം കത്തി നിൽക്കുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയർന്നത്.