കാനഡയ്‌ക്കെതിരെ ചുമത്തിയ ഇറക്കുമതിത്തീരുവ ഉടൻ നടപ്പാക്കില്ല; ഉത്തരവ് മരവിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരെ ചുമത്തിയ ഇറക്കുമതി തീരുവ ഉത്തരവ് അമേരിക്ക ഉടൻ നടപ്പാക്കില്ല. ഒരു മാസത്തേക്ക് ഉത്തരവ് നടപ്പാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രംപും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെ ആണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കും എന്ന് ജസ്റ്റിൻ ട്രൂഡോയും അറിയിച്ചു.
ഇതിന് പുറമെ മെക്സിക്കോയ്ക്ക് എതിരെ ഏർപ്പെടുത്തിയ 25 ശതമാനം ഇറക്കുമതിത്തീരുവ നടപ്പാക്കുന്നതും ഒരു മാസത്തേക്ക് ട്രംപ് മരവിപ്പിച്ചു. തിങ്കളാഴ്ച മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി മെക്സിക്കോ അതിർത്തിയിൽ 10,000 സൈനികരെ എത്തിക്കാമെന്നും ക്ലോഡിയ ഷെയ്ൻബോം സമ്മതിച്ചിട്ടുണ്ട്. അതേസമയം, യുഎസിൽ നിന്ന് മെക്സിക്കോയിലേക്ക് തോക്ക് കടത്തുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ട്രംപും ഉറപ്പ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം ചർച്ചകൾ നടത്തി ഉഭയകക്ഷി കരാറിലെത്താൻ ആണ് ഇരുരാജ്യത്തിന്റെയും ശ്രമം.
അമേരിക്കയുടെ ഇറക്കുമതിത്തീരുവ ഉത്തരവിന് മറുപടിയായി പുതിയതായി ഇറക്കുമതിത്തീരുവ ചുമത്തുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക കാനഡയും അടുത്തിടെ പുറത്തുവിട്ടിരുന്നു. 3000 കോടി കനേഡിയൻ ഡോളർ മൂല്യം വരുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക കനേഡിയൻ ധനമന്ത്രി ഡൊമിനിക് ലേബ്ലാങ്കാണ് പുറത്തുവിട്ടത്. വീട്ടാവശ്യത്തിനുള്ള യന്ത്രങ്ങൾ, തോക്ക്, യുഎസ് നിർമിത മദ്യം, പഴങ്ങൾ, പച്ചക്കറി, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.
അയൽരാജ്യങ്ങളായ കാനഡയും മെക്സിക്കോയും അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിൽ പരാചയപ്പെട്ടെന്ന് ആരോപിച്ചാണ് ഇരുരാജ്യങ്ങൾക്കും 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ഒപ്പിട്ടത്. ചൈനയ്ക്കും 10 ശതമാനം അധികത്തീരുവ ഏർപ്പെടുത്തി. ഇതിന് പിന്നാലെയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചത്.