Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്: അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പില്‍ നിര്‍ണായക കണ്ടെത്തൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനുമായി രണ്ടാംഘട്ട തെളിവെടുപ്പിന് പൊലീസ് പിതൃ സഹോദരനായ ലത്തീഫിന്‍റെ വീട്ടിലെത്തി. ഇന്ന് (മാർച്ച് 11) രാവിലെ 8:30ഓടെയാണ് കനത്ത പൊലീസ് സുരക്ഷയിൽ അഫാനെ വെഞ്ഞാറമൂട്, ചുള്ളാള, എസ്എൽ പുരത്തെ ലത്തീഫിന്‍റെ വീട്ടിലെത്തിച്ചത്. ലത്തീഫിനെയും ഭാര്യ സൽമാ ബീവിയെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചു.

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അഫാൻ വെഞ്ഞാറമൂട് പൊലീസിന്‍റെ കസ്‌റ്റഡിയിലാണ്. തെളിവെടുപ്പിനിടെ നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പറമ്പിൽ നിന്നും ലത്തീഫിന്‍റെ മൊബൈൽ ഫോണും കാറിന്‍റെ താക്കോലും പൊലീസ് കണ്ടെടുത്തതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

ലത്തീഫിന്‍റെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഫാനെ വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ഫെബ്രുവരി 27നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്ക് കാരണമെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.

അതേസമയം, ലത്തീഫിന്‍റെ താക്കോലും മൊബൈൽ ഫോണും വീടിനടുത്തുള്ള പറമ്പിൽ എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. കസ്‌റ്റഡി കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തെളിവെടുപ്പിനിടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പൊലീസ് അഫാനെ ചോദ്യം ചെയ്യും. ഇതിനുശേഷമാകും കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കുക. നെടുമങ്ങാട് ഡിവൈഎസ്‌പി അരുണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Back to top button
error: Content is protected !!