അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്ന് മാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു
ഡോ. സിവി പുഷ്പകുമാരി, ഡോ. കെഎ ഷേർളി എന്നിവർക്കെതിരായാണ് നടപടിക്ക് ശുപാർശ. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കുടുംബത്തിനും കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്ന് മാസങ്ങളായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു
കഴിഞ്ഞ നവംബർ എട്ടിനാണ് സക്കറിയ ബസാർ സ്വദേശികളായ അനീഷ്-സുറുമി ദമ്പതികൾക്ക് കുഞ്ഞുണ്ടായത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാർഥ സ്ഥാനത്തല്ല. വായ തുറക്കാൻ കഴിയുന്ന നിലയിലായിരുന്നില്ല. മലർത്തി കിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകുന്ന സ്ഥിതിയാണ്. കൈയ്ക്കും കാലിനും വളവുമുണ്ട്.