രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുന്നു; ബുമ്ര കളിക്കുന്നില്ല, ടീമിൽ 3 മാറ്റങ്ങൾ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ ഈ ടെസ്റ്റിലെ വിജയം നിർണായകമാണ്. യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. ഇന്ത്യ നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ് എന്ന നിലയിലാണ്
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുമ്ര കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്താണ് ബുമ്രക്ക് വിശ്രമം അനുവദിച്ചത്. സായ് സുദർശനും ഷാർദൂൽ താക്കൂറും പുറത്തായി. പകരം നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ടീമിലെത്തി
പേസിനെ തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ബുമ്രയുടെ അഭാവം ഇന്ത്യക്ക് എത്രത്തോളം തിരിച്ചടിയാകുമെന്നാണ് അറിയാനുള്ളത്. അവസാന പത്ത് മത്സരങ്ങളിലായി പേസർമാർ ഇവിടെ എടുത്തത് 227 വിക്കറ്റുകളാണ്. ആ സമയം സ്പിന്നർമാർക്ക് കിട്ടിയത് 53 വിക്കറ്റുകൾ മാത്രമാണ്. എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റിൽ ഇന്തയ്ക്ക് ഇതുവരെ ജയിക്കാനും സാധിച്ചിട്ടില്ല. ഇവിടെ കളിച്ച എട്ട് മത്സരങ്ങളിൽ ഏഴും ഇന്ത്യ പരാജയപ്പെട്ടു. ഒരെണ്ണം സമനിലയായി.