മുംബൈ: പുഷ്പം പോലെ വിജയിക്കാമായിരുന്ന മത്സരത്തില്‍ നാണം കെട്ട് തോല്‍ക്കുക. ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യം ഇന്ത്യന്‍ മണ്ണില്‍ ടെസ്്റ്റ് പരമ്പര തോല്‍ക്കുക. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ മനപ്പൂര്‍വമെന്ന് തോന്നുന്ന പിഴവുണ്ടെങ്കില്‍ പിന്നെ വിവാദം ശക്തമാകുമെന്നതില്‍ സംശയമില്ല.
മുംബൈയിലെ വാംഖഡെയില്‍ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം ആറു വിക്കറ്റിനു 106 റണ്‍സില്‍ നില്‍ക്കെയാണ് റിഷഭ് പന്ത് പുറത്തായത്. കളിയില്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പായതും ഇതോടെയാണ്. അജാസ് പട്ടേല്‍ എറിഞ്ഞ 22ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. 56 റണ്‍സെടുത്ത റിഷഭിനൊപ്പം ഒമ്പത് റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറായിരുന്നു അപ്പോള്‍ ക്രീസില്‍. ഓവറിലെ ആദ്യ ബോളില്‍ ഫോറടിച്ചാണ് റിഷഭ് തുടങ്ങിയത്. അടുത്ത ബോളില്‍ അദ്ദേഹത്തിനെതിരേ എല്‍ബിഡബ്ല്യു അപ്പീല്‍. അംപയര്‍ ഇതു തള്ളിയതോടെ കിവി നായകന്‍ ടോം ലാതം റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനവും ഔട്ടല്ല എന്നായിരുന്നു. തൊട്ടടുത്ത ബോളില്‍ ഫോറടിച്ചാണ് റിഷഭ് ഇതിനോടു പ്രതികരിച്ചത്.
പക്ഷെ അടുത്ത ബോളില്‍ അദ്ദേഹം പുറത്തായി. ക്രീസിനു പുറത്തേക്കിറങ്ങി റിഷഭ് പ്രതിരോധിക്കാന്‍ ശ്രമിക്കുയായിരുന്നു. പക്ഷെ അതു കണക്ടായില്ല. പാഡില്‍ തട്ടിയ ശേഷം മുകല്‍ലേക്കുയര്‍ന്ന ബോള്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടല്‍ പിടികൂടി. പിന്നാലെ ന്യൂസിലാന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും തള്ളപ്പെട്ടു. തുടര്‍ന്ന് രണ്ടും കല്‍പ്പിച്ച് ലാതം ഒരിക്കല്‍ക്കൂടി റിവ്യു എടുക്കുകയായിരുന്നു. തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബോള്‍ ബാറ്റ് കടന്നു പോകവെ അള്‍ട്രാ എഡ്ജില്‍ ചില വ്യതിയാനങ്ങള്‍ വ്യക്തമായി കാണാമായിരുന്നു. പക്ഷെ അതു ബാറ്റ് റിഷഭിന്റെ കാലില്‍ തട്ടിയപ്പോഴുള്ളതായിരുന്നോയെന്നയാണ് സംശയത്തിലാക്കിയത്. ബാറ്റ് കാലില്‍ തട്ടിയതും ബോള്‍ കടന്നു പോയതും ഒരേ സമയത്തായിരുന്നുവെന്നതാണ് തീരുമാനം കടുപ്പമാക്കി മാറ്റിയത്.
റീപ്ലേ മൈതാനത്തെ സ്‌ക്രീനില്‍ കാണിക്കവെ ബാറ്റ് തന്റെ കാലില്‍ തട്ടിയതാണെന്നു ഓണ്‍ഫീല്‍ഡ് അംപയര്‍മാരോടു റിഷഭ് വാദിക്കുന്നതും കാണാമായിരുന്നു. അല്‍പ്പനേരമെടുത്ത ശേഷം തേര്‍ഡ് അംപയര്‍ പോള്‍ റീഫെല്‍ റിഷഭിനും ഇന്ത്യക്കുമെതിരായി തീരുമാനം വിധിക്കുകയായിരുന്നു. വളരെയധികം നിരാശനും രോഷാകുലനുമായി കാണപ്പെട്ട റിഷഭ് അര്‍ധമനസ്സോടെ ഗ്രൗണ്ട് വിടുകയും ചെയ്യുകയായിരുന്നു.
റിഷഭ് പന്തിന്റെ പുറത്താവലുമായി ബന്ധ്പ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. അതു ഔട്ട് തന്നെയാണെന്നു ഒരു വിഭാഗം വാദിക്കുമ്പോള്‍ നോട്ടൗട്ടാണെന്നാണ് എതിര്‍ ഭാഗത്തിന്റെ വാദം. റിഷഭ് പന്ത് നോട്ടൗട്ടാണെന്നതു വളരെ വ്യക്തമാണ്. കാരണം അദ്ദേഹത്തിന്റെ ബാറ്റിലോ, ഗ്ലൗസിലോ ബോള്‍ എഡ്ജായിട്ടില്ല. ബാറ്റ് കാലില്‍ തട്ടിയപ്പോഴുള്ളതാണ് അള്‍ട്രാ എഡ്ജില്‍ കാണിച്ചത്. തേര്‍ഡ് അംപയര്‍ ഇന്ത്യയെ ചതിച്ചതാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. തേര്‍ഡ് അംപയര്‍ക്കു കണ്ണുകാണില്ലേ? റിഷഭ് പന്തിനെതിരേ എന്തുകൊണ്ടാണ് ഔട്ട് വിധിച്ചത്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ പാഡില്‍ ബാറ്റ് കൊണ്ടതാണ് അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞത്. എന്നിട്ടും അംപയര്‍ അതു ഔട്ടാണെന്നു വിധിച്ചത് വലിയ ചതിയാണെന്നും ആരാധകര്‍ കുറിക്കുന്നു.