വ്യാജ സ്ത്രീധന പരാതിയെ തുടർന്ന് ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യയെ തേടി പോലീസ് യുപിയിൽ

വ്യാജ സ്ത്രീധന പീഡന ആരോപണത്തെ തുടർന്ന് ബംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ തേടി അന്വേഷണസംഘം ഉത്തർപ്രദേശിൽ. ഐടി ജീവനക്കാരന്റെ ഭാര്യ നികിത സിംഗാനിയയുടെ ജോൻപൂരിലുള്ള അപ്പാർട്ട്മെന്റിലാണ് പോലീസ് എത്തിയത്.
വീട് പൂട്ടിക്കിടക്കുന്നതിനാൽ നികിത അടക്കമുള്ള നാല് പ്രതികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പോലീസ് നോട്ടീസ് പതിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ബംഗളൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദേശം.
നികിതയും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ സഹോദരനും ബൈക്കിൽ ജോൻപൂരിൽ നിന്ന് കടന്നുവെന്നാണ് വിവരം. ഐടി ജീവനക്കാരന്റെ ആത്മഹത്യ ദേശീയ ശ്രദ്ധയാകർഷിച്ചതിന് പിന്നാലെയാണ് ഇവർ രക്ഷപ്പെട്ടത്.
തിങ്കളാഴ്ചയാണ് അതുൽ സുഭാഷ് എന്ന 34കാരൻ ആത്മഹത്യ ചെയ്തത്. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യ വീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അതുൽ പറഞ്ഞിരുന്നു.