ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോൻ ഒളിവിലെന്ന് പോലീസ്

കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസിൽ നാല് പ്രതികളാണുള്ളത്. അതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മി. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിൽ നടിയും ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്.
ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാനർജി റോഡിലെ ബാറിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത്. അതിന് ശേഷം കാറിൽ മടങ്ങുകയായിരുന്ന യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു. തുടർന്ന് പറവൂർ ഭാഗത്തേക്ക് കൊണ്ടുപോയി മർദിച്ചു.