ഒഴിവ് കിട്ടുമ്പോള്‍ ഒന്ന് ഗൂഗിള്‍ ചെയ്യൂ; എന്റെ ബാറ്റിംഗ് റെക്കോര്‍ഡിനെ കുറിച്ച് പഠിക്കൂ; മാധ്യമ പ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് ബുംറ
തന്നെ പരിഹസിച്ച മാധ്യമപ്രവര്ത്തകന് ചിരിച്ചുകൊണ്ട് മറപുടി
ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് പേടി സ്വപ്നമായ ഇന്ത്യന്‍ പേസറിന്റെ ബാറ്റിംഗ് റെക്കോര്‍ഡാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഓസ്ട്രേലിയയുമായുള്ള കനത്ത ബാറ്റിംഗ് തകര്‍ച്ചക്ക് പിന്നാലെ നടന്ന പ്രസ്മീറ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയോട് ചോദിച്ച ചോദ്യവും അതിനുള്ള വായയടിപ്പിക്കുന്ന ഉത്തരവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ കുറിച്ച് ഒരു മാധ്യമപ്രവര്ത്തകന് ബുംമ്രയോട് അഭിപ്രായം ചോദിച്ചതോടെയാണ് പുതിയ വിവാദം. ടീമിന്റെ ബാറ്റിങ് പ്രകടനത്തില്‍ അഭിപ്രായം പറയാന്‍ ബുംമ്ര അനുയോജ്യനായ വ്യക്തിയല്ലെന്ന് പറഞ്ഞുകൊണ്ട് ചോദ്യം ചോദിച്ച് തുടങ്ങിയ മാധ്യമപ്രവര്‍ത്തകനോട് ബുംറ ഗൂഗിളില്‍ ഒന്ന് കയറി നോക്കണമെന്ന് ആവശ്യപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റുകൊണ്ടുള്ള തന്റെ ലോക റെക്കോര്‍ഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബുംമ്ര മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചത്.
റിപ്പോര്‍ട്ടറുമായുള്ള ബുംമ്രയുടെ സംഭാഷണം:
റിപ്പോര്‍ട്ടര്‍: ‘ഹായ്, ജസ്പ്രീത്. ഒന്നാം ഇന്നിങ്സില്‍ ടീമിന്റെ ബാറ്റിങ്ങിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തല്‍ എന്താണ്? ഈ ചോദ്യത്തിന് ഉത്തരം നല്കാന് നിങ്ങള്‍ ആളല്ല. എന്നാലും ഗാബയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടീമിന്റെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?’
ബുംറ: ‘ഇതൊരു രസകരമായ ചോദ്യമാണ്. പക്ഷേ നിങ്ങള്‍ എന്റെ ബാറ്റിങ് കഴിവിനെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഗൂഗിള്‍ ഉപയോഗിച്ച് ഒരു ടെസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ആരെന്ന് നോക്കണം. അങ്ങനെ ചില കഥകളുമുണ്ട് ‘2022ല്‍ ബര്‍മിങ്ഹാം ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ 34 റണ്സടിച്ചതിനെക്കുറിച്ചായിരുന്നു ജസ്പ്രീത് ബുംമ്ര പരാമര്‍ശിച്ചത്.
ഒരു ടെസ്റ്റ് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരമെന്ന ബ്രെയിന്‍ ലാറയുടെ (28) എന്ന 20 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡാണ് ബുംറ തകര്‍ത്തത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ബുംറയുടെ വെടിക്കെട്ട് ബാറ്റിംഗ്.