സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; 11 ചുമതലയേല്‍ക്കും
കെജ്രിവാളിന് ജാമ്യം നല്‍കിയ ജഡ്ജി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പ്രഖ്യാപിച്ചു. അടുത്ത മാസം 11ന് ചുമതലയേല്‍ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഖന്നയെ രാഷ്ട്രതി ദ്രൗപതി മുര്‍മുവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ പിന്‍ഗാമിയായി ഖന്നയെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അധികാരം വിനിയോഗിച്ച്, സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എക്‌സില്‍ കുറിച്ചു.
ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് 2019ലാണ് ജസ്റ്റിസ് ഖന്ന സുപ്രീം കോടതിയിലേക്കെത്തിയത്. 2025 മെയ് 13 ന് അദ്ദേഹം വിരമിക്കും. സുപ്രീം കോടതിയുടെ ഭാഗമായി ജസ്റ്റിസ് ഖന്ന നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത സംഭാവനകള്‍ നല്‍കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച ബഞ്ചിന്റെ തലവനും ഖന്നയായിരുന്നു.