ജ്യോതി 2023 മുതൽ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തുന്നു; കോഴിക്കോടും കൊച്ചിയിലും എത്തി

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ അറസ്റ്റിലായ വ്‌ളോഗർ ജ്യോതി മൽഹോത്രയെ എൻഐഎ, ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റജൻസ് ഏജൻസികൾ ചോദ്യം ചെയ്തു തുടങ്ങി. കൊച്ചിയിലും കോഴിക്കോടുമടക്കം കേരളത്തിൽ നിരവധി നഗരങ്ങളിൽ ജ്യോതി യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തതായി കണ്ടെത്തി.
കേരളത്തിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് ജ്യോതി താമസിച്ചത്. തുടർന്ന് കേരളത്തിലെ പല സ്ഥലങ്ങളിൽ യാത്ര ചെയ്തു. ജനുവരി 17നാണ് ഇവർ മട്ടാഞ്ചേരിയിൽ മുറിയെടുത്തത്. ജ്യോതിയുടെ യാത്ര സംബന്ധിച്ച് ഹരിയാന പോലീസ് കൊച്ചി പോലീസിനെ വിവരം അറിയിച്ചിരുന്നു.
കൊച്ചി സിറ്റി പോലീസും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 മുതലാണ് ജ്യോതി പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകാൻ തുടങ്ങിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായുള്ള ജ്യോതിയുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.