മരിച്ചിട്ടില്ല, സുരക്ഷിതനെന്ന് ‘കൈലാസ’; തൊട്ടുപിന്നാലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് നിത്യാനന്ദ

താൻ മരിച്ചതായുള്ള വാർത്തകൾ തള്ളി സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രംഗത്ത്. മരിച്ചെന്ന് പ്രചരിക്കുന്ന വാർത്തകളെ പരിഹസിച്ച് നിത്യാനന്ദ പുതിയ വീഡിയോ ഇറക്കി. താൻ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവർ ഒന്നിച്ചിരുന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ നിത്യാനന്ദ പറയുന്നു
നിത്യാനന്ദ ജീവത്യാഗം ചെയ്‌തെന്ന് സഹോദരിപുത്രനും അദ്ദേഹത്തിന്റെ അനുയായിയുമായ സുന്ദരേശ്വരനാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പറഞ്ഞത്. എന്നാൽ തന്നെ പറ്റി ഒരു മാസത്തിൽ നാലായിരത്തിലേറെ വീഡിയോകൾ പുറത്തിറങ്ങി. ഇതൊക്കെ പരിശോധിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നിത്യാനന്ദ ചോദിക്കുന്നു
നിത്യാനന്ദ മരിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് ഇയാൾ രൂപീകരിച്ച കൈലാസ എന്ന രാജ്യം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനും തൊട്ടുപുറകെയാണ് നിത്യാനന്ദ നേരിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് വാർത്തകൾ തള്ളിയത്. ഇക്വഡോറിന് സമീപത്തുള്ള ദ്വീപ് വാങ്ങി നിത്യാനന്ദ കൈലാസ എന്ന പേരിൽ സ്വന്തം രാജ്യമുണ്ടാക്കുകയായിരുന്നു.