കലൂർ സ്‌റ്റേഡിയത്തിലെ അപകടം: പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ അപകടത്തിൽ സംഘാടകരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. രണ്ട് മുൻകൂർ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. മൃദംഗ വിഷൻ ഉടമ എം നിഗോഷ് കുമാർ, ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിലാണ് നടപടി.
അതേസമയം സംയുക്ത പരിശോധനാ റിപ്പോർട്ടിൽ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചു. താത്കാലികമായി നിർമിച്ച വേദിക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്.
വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൈദ്യസഹായം ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 29 വൈകീട്ടാണ് കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.