Kerala
കഞ്ഞി കുടി മുട്ടും; സംസ്‌ഥാനത്ത് നാളെ മുതൽ റേഷൻ സമരം
സംസ്ഥാനത്ത് നാളെ മുതൽ (ജനുവരി 27) കടയച്ചുള്ള സമരത്തിനൊരുങ്ങി റേഷൻ കട ഉടമകൾ. റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കുമായി കടയുടമകൾ തീരുമാനിച്ചത്. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.
ശമ്പള പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം സംഘടനാ നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ നൽകുന്ന 18,000 രൂപ 30,000 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യങ്ങളിൽ പ്രധാനം. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാണെന്നും വേതന പാക്കേജ് പരിഷ്കരിക്കാൻ ബുദ്ധിമുട്ടാണെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രിമാർ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു.