അന്‍വര്‍ ഇഫക്ടോ അതോ സഭയെ പേടിച്ചതോ…? വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല
ഭേദഗതിക്കെതിരെ സമരം ചെയ്തതിന് അന്‍വര്‍ അറസ്റ്റിലായിരുന്നു
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതടക്കമുള്ള വനംമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഗുരുതരമായ ആഘാതമുണ്ടാകാനിടയുള്ള വനം ഭേദഗതി ബില്ലില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ യൂടേണ്‍ അടിക്കുന്നു. പ്രതിഷേധം കണക്കിലെടുത്ത് വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പരാതികളില്‍ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പൊതു പരാതികളാണ്. ഇത്തരത്തില്‍ 140 ഓളം പരാതികള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഭേദഗതികള്‍ സംബന്ധിച്ചു ലഭിച്ച പരാതികള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ മുഖ്യമന്ത്രി തീരുമാനിക്കും. ശേഷം സബ്ജക്ട് കമ്മിറ്റിയില്‍ ഭേദഗതികള്‍ വരുത്തി സഭയ്ക്കു മുന്നില്‍ വെയ്ക്കാന്‍ ആലോചന. ഭേദഗതികള്‍ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ട്.
ക്രൈസ്തവ സഭകളും കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ പ്രതിഷേധമുയര്‍ത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
ജനകീയ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് ബില്ലില്‍ നിന്ന് സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍മാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളില്‍ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇത് ഉയര്‍ത്തി ശക്തമായ സമരത്തിന് നിലമ്പൂര്‍ മുന്‍ എം എല്‍ എയും എല്‍ ഡി എഫുമായി കൊമ്പുകോര്‍ത്ത പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഫോറസ്റ്റ് ഓഫീസിലേക്ക് സമരം ചെയ്തതിന് അന്‍വറിനെതിരെ കേസും പിന്നാലെ അറസ്റ്റുമുണ്ടായിരുന്നു.