ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം ഒരു മാസത്തേക്ക് അടച്ചു; നാല് ജില്ലകളിൽ ജലവിതരണം മുടങ്ങും

idukki

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് അടച്ചത്. ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കി. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിനാണ് അടക്കാൻ തീരുമാനമായത്. പുലർച്ചെ നാല് മണിയോടെയാണ് വൈദ്യുതി നിലയം അടച്ചത്. ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി തുടങ്ങി.

വൈദ്യുതി വിതരണത്തിന് പ്രതിസന്ധി ഉണ്ടാകില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറയാൻ തുടങ്ങുന്നതോടുകൂടി നാലു ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്. 

നവംബർ 11 മുതൽ ഡിസംബർ 10 വരെ ബട്ടർഫ്ലൈ വാൽവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ലീക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് മൂലമറ്റം പവർഹൗസ് അടച്ചിടുന്നത്. 700 മെഗാ വാട്ടിന്റെ വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകുന്നത് പരിഹരിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് വൈദ്യുതി വകുപ്പിന്റെ ഉറപ്പ്.
 

Tags

Share this story