Wednesday, 18 November 2026 About Us · Contact Us

കൊച്ചിയിൽ കേരള-കൊറിയ ട്രേഡ് ഡെസ്‌ക്; ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റിൽ രാജ്യാന്തര കരാറുകൾ ഒപ്പുവെക്കും

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിനെക്കുറിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനം
കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിനെക്കുറിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനം

ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സമ്മിറ്റ് 24, 25 തീയതികളിൽ; മൈക്രോസോഫ്റ്റും ആമസോണും ഉൾപ്പെടെയുള്ള ആഗോള ടെക് കമ്പനികൾ പങ്കെടുക്കും

കൊച്ചി: സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പുതിയ നിക്ഷേപ സാധ്യതകൾ ലക്ഷ്യമിട്ട് 24,25 തീയതികൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റിൽ സംസ്ഥാനത്തിന് കരുത്തേകുന്ന സുപ്രധാന രാജ്യാന്തര വാണിജ്യ-വിദ്യാഭ്യാസ ധാരണാപത്രങ്ങൾ ഒപ്പുവെക്കും. അങ്കമാലി അഡ്‌ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഉച്ചകോടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊച്ചിയിൽ കേരള-കൊറിയ ട്രേഡ് ഡെസ്ക് സ്ഥാപിക്കുന്നതിനായി കൊറിയ-ഇന്ത്യ കൗൺസിലുമായി സമ്മിറ്റിൽ ധാരണാപത്രം ഒപ്പുവെക്കും. കൂടാതെ, കിർഗിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയവുമായും മ്യാൻമറിൽ നിന്ന് അരിയും പയറുവർഗ്ഗങ്ങളും വിതരണം ചെയ്യുന്നതിനായി ആസിയാൻ കൗൺസിലുമായുള്ള കരാർ കൈമാറ്റവും നടക്കും.

കേരള ഐ.ടി വകുപ്പ്, തൊഴിൽ വകുപ്പ്, കിൻഫ്ര, ടെക്നോപാർക്ക്, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ തുടങ്ങി പതിനഞ്ചോളം സർക്കാർ-സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ ആഗോള ടെക്നോളജി സൊല്യൂഷൻസ് സ്ഥാപനമായ 'ബ്ലൂ ക്ലൗഡ്' ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോള സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, ഭരണകർത്താക്കൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവരെ ഒരു പ്ലാറ്റ്ഫോമിലെത്തിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക- സാങ്കേതിക വളർച്ചയ്ക്ക് വഴിയൊരുക്കുകയാണ് സമ്മിന്റെ ലക്ഷ്യം.

ദ്വിദിന ഉച്ചകോടിയിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, റോജി എം. ജോൺ, അഡ്വ. ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ് തുടങ്ങിയ പ്രമുഖർക്ക് പുറമെ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ഇൻ്റൽ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫോഴ്‌സ്‌പോയിൻ്റ്, നെറ്റ്‌സ്കൗട്ട്, വാന്റേജ്‌ഓ, ഗിനിമൈൻഡ്‌സ്, സി.ടി.ആർ.എൽ.എസ്, ഇൻസ്പാർക്ക്, നെസ്റ്റ്, നോർഡൻ, ഹീൽ തുടങ്ങി മുൻനിര ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികളും വിവിധ സെഷനുകളിൽ പങ്കാളികളാകും.

ഗവൺമെൻ്റ്, എൻ്റർപ്രൈസ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്നിവയിലൂന്നിയുള്ള ആദ്യ ദിനത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ആഗോള ടെക് കമ്പനികളുടെ പ്രദർശനങ്ങൾ, സി.എക്സ്.ഒ പാനലുകൾ, ഡിജിറ്റൽ ലീഡർഷിപ്പ് അവാർഡ് പ്രഖ്യാപനം എന്നിവ നടക്കും. നിക്ഷേപങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി മാറ്റിവെച്ചിരിക്കുന്ന രണ്ടാം ദിനത്തിൽ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകും. പുതിയ ഇൻവെസ്റ്റ്മെൻ്റ് പ്രഖ്യാപനങ്ങളും സ്റ്റാർട്ടപ്പ് അവാർഡുകളും അവസാന ദിനമുണ്ടാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എ.ഐ, സൈബർ സുരക്ഷ, ക്ലൗഡ് ട്രാൻസ്ഫർമേഷൻ, ഡിജിറ്റൽ ബാങ്കിങ്, ഫിൻടെക്, ഹെൽത്ത്‌ടെക്, അഗ്രോടെക്, ഗ്രീൻ എനർജി, ഗ്ലോബൽ കാപ്പബിലിറ്റി സെൻ്ററുകൾ തുടങ്ങി ഭാവിയുടെ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. ആഗോള ടെക്നോളജി പ്രമുഖർ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി 11 രാജ്യങ്ങളിൽ നിന്നായി ആയിരത്തഞ്ഞൂറോളം പേരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.

പുത്തൻ ആഗോള സാങ്കേതികവിദ്യകളെയും നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യാൻ കഴിയുന്ന മികച്ച പശ്ചാത്തലമാണ് കേരളത്തിലുള്ളതെന്ന് ബ്ലൂ ക്ലൗഡ് ഇ-കോം സ്ഥാപകനും സി.എസ്.ഒയുമായ അലക്സ് ജോർജ് പറഞ്ഞു. "ഉയർന്ന വിദ്യാഭ്യാസവും ഡിജിറ്റൽ സാക്ഷരതയുമുള്ള മികച്ച തൊഴിൽസേനയാണ് കേരളത്തിന്റെ കരുത്ത്. പുതിയ കാഴ്ചപ്പാടുകളും നിക്ഷേപങ്ങളുമായി ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹം നൽകുന്ന പിന്തുണ സംസ്ഥാനത്തിന് വലിയ കുതിപ്പേകുന്നുണ്ട്. അതിവേഗം വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനൊപ്പം ഗ്ലോബൽ കാപ്പബിലിറ്റി സെൻ്ററുകൾക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യം കൂടിയാകുമ്പോൾ കേരളം കൂടുതൽ നിക്ഷേപസൗഹൃദമാകും."- അലക്സ് ജോർജ് പറഞ്ഞു. ചടങ്ങിൽ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റിന്റെ ലോഗോയും പ്രകാശനം ചെയ്തു.

വാർത്താസമ്മേളനത്തിൽ രാഷ്ട്രദീപിക ഡയറക്ടറും ബെന്നി വാഴപ്പിള്ളിൽ ഇനിഷ്യേറ്റീവ്സ് ഡയറക്ടറുമായ ബെന്നി മാത്യു, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ജെ. രാജ്‌മോഹൻ പിള്ള, ഗിനിമൈൻഡ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ രംഗനാഥ് ഷേണായ്, വാന്റേജ്‌ഓ സഹസ്ഥാപകനും സി.എസ്.ഒയുമായ ജയരാമ കാസർഗോഡ്, ഐസ്ട്രീറ്റ് നെറ്റ്‌വർക്ക് ലിമിറ്റഡ് ചെയർമാനും ഹീൽ സോഫ്റ്റ്‌വെയർ ഇൻക് മുൻ പ്രസിഡന്റുമായ ഉത്തം ഈശ്വർലാൽ ദവെ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ, വിഎസ്എൻ ഇന്റർനാഷണൽ സെയിൽസ് കോർഡിനേറ്റർ അനിരുദ്ധ ഭുനാനിയ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://events.bluecloude.com/ സന്ദർശിക്കുക.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

13 Nov 2026
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

12 Nov 2026
എന്‍ടിപിസിയുമായി കരാർ ഒപ്പിടാന്‍ കെഎസ്ഇബിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

എന്‍ടിപിസിയുമായി കരാർ ഒപ്പിടാന്‍ കെഎസ്ഇബിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

09 Nov 2026
ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഭരണരംഗത്തെ വിവാദങ്ങളിൽ കടുത്ത നടപടിക്ക് സാധ്യത

ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഭരണരംഗത്തെ വിവാദങ്ങളിൽ കടുത്ത നടപടിക്ക് സാധ്യത

09 Nov 2026
ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി; ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

02 Nov 2026
പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

31 Oct 2026