വഞ്ചിയൂരിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ചു; സീനിയർ അഭിഭാഷകനെതിരെ നടപടി
May 13, 2025, 17:19 IST
തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. നടന്ന സംഭവങ്ങളെ കുറിച്ച് ബെയ്‌ലിൻ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണം. ഇന്നുച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയറായ ബെയ്‌ലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദിച്ചെന്നാണ് ശ്യാമിലിയുടെ പരാതി. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വഞ്ചിയൂർ മഹാറാണി ബിൽഡിംഗിലുള്ള ഓഫീസിൽ വെച്ചായിരുന്നു മർദനം ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബെയ്‌ലിൻ ദാസ് മർദിച്ചത്. അടിയേറ്റ് താഴെവീണിട്ടും കണ്ടുനിന്നവരാരും എതിർത്തില്ലെന്നും യുവതി പറയുന്നു. അഭിഭാഷകനിൽ നിന്ന് ഇതിന് മുമ്പും മർദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്യാമിലി പറഞ്ഞു.
