ബിജെപിയിൽ കടുത്ത അവഗണന; പത്മജ വേണുഗോപാൽ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് മടങ്ങുന്നു
തൃശൂര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പദ്മജ വേണുഗോപാല്‍ പാർട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നതാണ് പുറത്തു വരുന്ന വിവരം. അടുത്ത ദിവസം തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറുമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കെ. കരുണാകരന്റെ മകളും കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ. മുരളീധരന്റെ സഹോദരിയുമായ പദ്മജ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിലോ ചര്‍ച്ചകളിലോ പദ്മജയുടെ സാന്നിധ്യമില്ല.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അര്‍ഹമായ അംഗീകാരവും ലഭിച്ചില്ലെന്നാണ് പദ്മജയുടെ പരാതി. ബിജെപിയിലേക്ക് വലിയ പ്രതീക്ഷകളോടെയായിരുന്നു പദ്മജ എത്തിയത്. ഗവര്‍ണര്‍, ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ പദവി തുടങ്ങിയവയിലൊന്ന് പദ്മജ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ഇതൊന്നും നല്‍കിയില്ലെന്ന് മാത്രമല്ല, അടുത്തിടെ ദേശീയ വനിതാ കമ്മിഷന് അംഗമാക്കിയത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മറ്റൊരു വനിതാ നേതാവിനെയാണ്. ആ തീരുമാനം വരുന്നതുവരെ പദ്മജക്ക് ഇതേക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നുമില്ല. ഇത് കടുത്ത അവഗണനയും അവഹേളനവുമായാണ് അടുത്ത അനുയായികളോട് അവർ വെളിപ്പെടുത്തിയത്.
അതിനിടെ, കോണ്‍ഗ്രസ് നേതൃത്വവുമായി പദ്മജ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി വിവരമുണ്ട്. പദ്മജയ്ക്കൊപ്പം ബിജെപിയിലേക്ക് എത്തിയ ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജി സംബന്ധിച്ച് പദ്മജയുടെ ഭാഗത്തു നിന്ന് ഇതുവരെ സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. കഴിഞ്ഞ മാസവും ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ പദ്മജ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പദ്മജക്ക് കഴിഞ്ഞിരുന്നില്ല. തൃശൂരിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ സാമ്പത്തികാരോപണം അടക്കം ഉന്നയിച്ചാണ് പദ്മജ കോണ്‍ഗ്രസ് വിട്ടത്. പദ്മജയുടെ തിരിച്ചുവരവിനെ ഇവരെല്ലാം എതിര്‍ക്കുമെന്നുറപ്പാണ്. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്തെ മാറിയ സമവാക്യങ്ങളും കരുണാകരന്റെ പ്രിയ ശിഷ്യനായ കെ.സി. വേണുഗോപാലിന്റെ പിന്തുണയും ഇത് മറികടക്കാന്‍ സഹായിക്കുമെന്നാണ് പദ്മജയുടെ അനുയായികളുടെ കണക്കുകൂട്ടല്‍.
അതേസമയം ഈ വാര്‍ത്തകള്‍ സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അനുനയ നീക്കങ്ങള്‍ നടത്തി പദ്മജയെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന് ദേവന് ബിജെപി വിട്ടിരുന്നു. പദ്മജ കൂടി പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടാകുന്നത് ജില്ലയില്‍ ബിജെപിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ബാൽ താക്കറെയുടെ ചിത്രം കീറി ശിവസേന വനിതാ നേതാവ്; വിവാദം

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ യുഡിഎഫിനെ തള്ളിക്കളയും; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവെ അപകടം; ചരക്ക് ലോറിക്കടിയിൽപ്പെട്ട് ഏഴ് വയസുകാരൻ മരിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്
