Kerala

കൊടകര കുഴൽപ്പണക്കേസ്; പൊലീസിന്റെ കണ്ടെത്തൽ തള്ളി കുറ്റപത്രം: ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്

കൊച്ചി: കൊടകര കുഴൽപണക്കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. പൊലീസിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പണം എത്തിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്ന പൊലീസിന്റെ കണ്ടെത്തലാണ് തള്ളിയത്. ബിസിനസ് ആവശ്യങ്ങൾക്കായിരുന്നു പണം എത്തിച്ചതെന്നാണ് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നത്.

കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴയിലെ ഭൂമി വാങ്ങാന്‍ ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ ഉത്ഭവം ധർമരാജൻ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത് ബിജെപിക്കായി വന്ന തിരഞ്ഞെടുപ്പ് ഫണ്ടാണോ എന്നതിൽ അന്വേഷണമോ കണ്ടെത്തലുകളോ ഇല്ലെന്നാണ് റിപ്പോർട്ട്.

കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ബിജെപിയുടെ പണമാണെന്നതിൽ തെളിവില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. ആകെ 23 പ്രതികളാണ് കേസിൽ ഉള്ളത്. ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൊടകര ദേശീയ പാതയിൽ വച്ച് കാറിൽ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

Related Articles

Back to top button
error: Content is protected !!