Sports

രോഹിത്തും പന്തും തകര്‍ന്നു പോയ രഞ്ജി ട്രോഫിയിൽ ഇനി കോലിയുടെ ഊഴം

സീനിയര്‍ താരങ്ങള്‍ക്ക് രഞ്ജിയില്‍ അഗ്നി പരീക്ഷ

മോശം ഫോമുമായി ടീമില്‍ ഭാരമായി മാറിയ സീനിയര്‍ താരങ്ങളെ കളിപഠിപ്പിക്കാനുള്ള ബി സി സി ഐയുടെ ആഹ്വാനം ഏറ്റെടുത്ത് സീനിയര്‍ താരങ്ങള്‍. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ച് മികവ് പുലര്‍ത്തിയാലെ ഇനി ടീമില്‍ ഇടമുണ്ടാകൂവെന്ന ബി സി സി ഐയുടെ ഉറച്ച തീരുമാനം അനുസരിച്ച് ക്രീസിലിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും തങ്ങളുടെ പതിവ് മോശം പ്രകടനം തുടരുകയാണ്. ഇനിയുള്ള അവസരം മുന്‍ ക്യാപ്റ്റന്‍ വീരാട് കോലിക്കാണ്.

ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്ന വീരാട് കോലിക്ക് വ്യാഴാഴ്ചയാണ് അഗ്നിപരീക്ഷ. രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തിലെ അവസാന ടെസ്റ്റിലാണ് ഡല്‍ഹിക്കൊപ്പം കോലി ഇറങ്ങുന്നത്. റെയില്‍വേക്കെതിരെയാണ് കോലിയുടെ പരീക്ഷണം. പന്തിനും രോഹിത്തിനും കൂട്ടായി മോശം പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ശക്തമായ നടപടി തന്നെ ബി സി സി ഐയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലോകകപ്പും പരമ്പരകളും ഐ പി എല്ലുമായി നടന്ന സീനിയര്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കുകയെന്നത് തന്നെ വലിയ വാര്‍ത്തയാണ്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് രോഹന്‍ ജെയ്റ്റിലിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കോലി വ്യാഴാഴ്ച നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഭാഗമാകാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഗ്രൂപ്പ് ഡിയില്‍ നിലവില്‍ തമിഴ്‌നാടാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. അവസാന അങ്കത്തില്‍ വിജയം നേടിയാല്‍ മാത്രമെ ഡല്‍ഹിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനാകൂ. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും രണ്ട് തോല്‍വിയുമായി 14 പോയിന്റോടെ ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്. രണ്ട് ജയവും ഒരു തോല്‍വിയുമായി റെയില്‍വേ നാലാം സ്ഥാനത്തുണ്ട്.

കോലി ഇറങ്ങുന്ന ഡല്‍ഹിയുടെ ക്യപ്റ്റന്‍ ഹിമത് സിംഗാണ്. ടീമിന്റെ ബാറ്റിംഗ് ലൈനപ്പില്‍ അന്തിമ തീരുമാനമായിട്ടില്ല. മിക്കവാറും കോലി ഓപ്പണറോ വണ്‍ഡൗണോ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഇതിന് മുമ്പ് 2012ലാണ് കോലി രഞ്ജി ട്രോഫി കളിച്ചത്. ഉത്തര്‍ പ്രദേശിനെതിരായ അന്നത്തെ മത്സരത്തില്‍ കോലിക്ക് രണ്ട് ഇന്നിംഗ്‌സുകളിലായി 14, 43 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.

Related Articles

Back to top button
error: Content is protected !!